ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തി നിൽക്കുകയാണ് ഒപ്പം കൊച്ചിയും. നൂറേക്കറിൽ വർഷങ്ങളായി കൊണ്ട് തള്ളിയ ടൺ കണക്കിന് മാലിന്യങ്ങൾ നിർത്താതെ പുകഞ്ഞു കൊച്ചിയിലെ ജനങ്ങളെയും, ജീവജാലങ്ങളെയും പരിസ്ഥിതിയെയും ശ്വാസം മുട്ടിക്കുമ്പോൾ, കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടുകയാണ് കൊച്ചി നിവാസികൾ. കേരളത്തിലടക്കം പല സ്ഥലങ്ങളിലും പരീക്ഷിച്ചു അമ്പേ പരാജയപ്പെട്ട കേന്ദ്രീകൃത മാലിന്യ പ്ലാന്റിന്റെയും, ലോക പരാജയമായ വേസ്റ്റ് ടു എനർജി പ്ലാന്റിന്റെയും കഥ പറഞ്ഞു വർഷങ്ങളായി മാറി മാറി വരുന്ന ഭരണകൂടങ്ങൾ ജനങ്ങളെ വൃത്തിയായി വിഡ്ഢികളാക്കി. ഇതിനു മുൻപുണ്ടായിരുന്ന വിളപ്പിൽശാല മാലിന്യ പ്ലാന്റും, ലാലൂരുമൊക്കെ എന്തുകൊണ്ട് നമുക്ക് കേന്ദ്രീകൃത മാലിന്യ സംസ്കരണം യോജ്യമല്ല എന്നതിനുള്ള ഉദാഹരണങ്ങളാണ്. ഇപ്പോൾ കത്തിയ മാലിന്യ പുക ശ്വസിച്ച കൊച്ചിയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് എത്രത്തോളം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്നുള്ളത് അടിയന്തരമായി വിലയിരുത്തേണ്ടതുണ്ട് .
മാലിന്യ സംസ്കരണത്തിൽ എന്താണ് കൊച്ചിയുടെ ഭാവി?
ഏതാണ് ശരിയായ രീതി എന്നുള്ള ചോദ്യങ്ങൾ കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ പിന്തുടരുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്താണ് വികേന്ദ്രീകൃത മാലിന്യ സംസ്കരണം ? കേരളത്തിൽ എങ്ങനെ ഈ രീതി പിന്തുടരുന്നു? എന്താണ് ഈ സംവിധാനത്തിന്റെ ഗുണങ്ങൾ ?
വികേന്ദ്രീകൃത മാലിന്യ സംസ്കരണം: ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ തരം തിരിച്ചു പരമാവധി ഉറവിടത്തിൽ തന്നെ കൈകാര്യം ചെയ്യുന്ന രീതിയാണ് വികേന്ദ്രീകൃത മാലിന്യ സംസ്കരണം. വീടുകളിൽ കൈകാര്യം ചെയ്യാനാവാത്ത മാലിന്യങ്ങൾ കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഉദാഹരണത്തിന് വീടുകളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ കമ്പോസ്റ്റ് ചെയ്യുന്നു. അത് സാധിക്കാത്ത പക്ഷം റസിഡൻഷ്യൽ ഏരിയകളിൽ സ്ഥാപിച്ചിട്ടുള്ള തുമ്പൂർ മുഴികളിൽ കമ്പോസ്റ്റു ചെയ്യപ്പെടുന്നു . അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ഹരിതകർമ സേനയ്ക്ക് കൈ മാറി റീസൈക്ലിങ്ങിനായി അയയ്ക്കുന്നു. വീടുകളിൽ നിന്നും, കടകളിൽ നിന്നുമെല്ലാം മാലിന്യങ്ങൾ ശേഖരിക്കുന്നതുമുതൽ പുനരുപയോഗത്തിനു യോഗ്യമാംവിധം തരംതിരിച്ചു അവ ബെയിലിങ്ങിനും ശ്രെഡിങ്ങിനും വിധേയമാക്കി കൈകാര്യം ചെയ്യുന്നതിൽ ഹരിതകർമസേന
സുപ്രധാന പങ്കു വഹിക്കുന്നു. വികേന്ദ്രീകൃത മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങളാണ് മിനി എം സി എഫ് , എം സി എഫ് , ആർ ആർ എഫ് എന്നിവ. ഇവ എന്തൊക്കെ എന്ന് പരിശോധിക്കാം.
മിനി എം സി എഫ്: വീടുകളിൽ നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങൾ എം സി എഫിലേക്ക് മാറ്റുന്നതിന് മുൻപ് താത്കാലികമായി സംഭരിച്ച് വയ്ക്കാനുള്ള വാർഡ് തലത്തിലുള്ള സംവിധാനമാണ് മിനി എം സി എഫുകൾ. ഇത് ഗാതാഗത ചെലവ് കുറയ്ക്കുവാനും, കൂടുതൽ കാര്യക്ഷമമായി മാലിന്യങ്ങൾ വാർഡിലെ പല സ്ഥലങ്ങളിൽ നിന്നും ശേഖരിക്കു
വാനും സഹായിക്കുന്നു. വാർഡിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ മിനി എം സി എഫിൽ ശേഖരിച്ചതിനു ശേഷം ഒരുമിച്ചു എം സി എഫിലേക്ക് മാറ്റുന്നു.
എംസിഎഫ് ശേഖരിച്ച മാലിന്യങ്ങൾ രണ്ടാം ഘട്ട തരംതിരിക്കലിന് വിധേയമാക്കുന്നത് എം സി എഫിൽ വെച്ചാണ്. പല വാർഡുകൾക്കായി ഒരു എം സി എഫ് എന്ന കണക്കിൽ ഒരു സ്വയം ഭരണ സ്ഥാപനത്തിൽ ഒന്നിൽ കൂടുതൽ എം സി എഫുകൾ ഉണ്ടാവും. ഇവിടെ മാലിന്യങ്ങൾ അതിന്റെ മൂല്യത്തിന് അനുസരിച്ചു തരം തിരിക്കപ്പെടുന്നു. ശേഖരിക്കുന്ന മാലിന്യങ്ങളിൽ കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരിക്കും. ഉദാഹരണത്തിന് പാൽ കവറുകൾക്കും, പ്ലാസ്റ്റിക് കുപ്പികൾക്കുമുള്ള വില രണ്ടായിരിക്കും. ആയതിനാൽ ഇത് രണ്ടായി തന്നെ തരം തിരിക്കുന്നു.
ആർ ആർ എഫ്:
പല എം സി എഫുകളിൽ നിന്നും തരംതിരിച്ച മാലിന്യങ്ങൾ ആർ ആർ എഫിൽ എത്തുന്നു. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഒരു ആർ ആർ എഫ് ആണ് ഉണ്ടാവുക. ഇവിടെ വെച്ച് റീസൈക്ലിങ് സാധ്യതയു
ള്ള പ്ലാസ്റ്റിക്ക് ബെയ്‌ലിങ് മെഷീന്റെ സഹായത്തോടെ ബെയിൽ ചെയ്തു റീസൈക്ലിങിനയയ്ക്കുന്നു. റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക്കുകൾ ശ്രെഡിങ് മെഷീന് ഉപയോഗിച്ച് പൊടിച്ചു റോഡ് ടാറിങ്ങിനായും, സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനും അയയ്ക്കുന്നു . ബാക്കിയുള്ള മാലിന്യങ്ങൾ നിശ്ചിത അളവായി കഴിയുമ്പോൾ ക്ലീൻ കേരള കമ്പനിക്കോ, മറ്റു റീസൈക്കിളേഴ്സിനോ കൈമാറുന്നു. അതുവരെ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിച്ചു വയ്ക്കാനുള്ള ഒരു സംവിധാനംകൂടെയാണ് ആർ ആർ എഫുകൾ.
വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന്റെ ഗുണങ്ങൾ
- കേന്ദ്രീകൃത മാലിന്യ സംവിധാനങ്ങളെ അപേക്ഷിച്ച് ചെറിയ മുതൽമുടക്കും പരിപാലന ചെലവും മതിയാവും വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക്.
- വീടുകളിൽ ഉണ്ടാവുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മണ്ണിലേക്ക് തന്നെ ഇടാൻ സാധിക്കുന്നു; കൂടാതെ മാലിന്യങ്ങൾ ബയോഗ്യാസിനായും ഉപയോഗിക്കാം. അതെ സമയം വേസ്റ്റ് ടു എനർജി പ്ലാന്റുകളിൽ അവ കത്തിച്ചു കളയുന്നു.
- മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിച്ചു സംസ്കരിക്കാൻ ശ്രമിക്കുന്നതിനാൽ അജൈവ മാലിന്യങ്ങളുടെ പുനരുപയോഗത്തിനുള്ള സാധ്യത വളരെയധികം വർദ്ധിക്കുന്നു. അതുവഴി മാലിന്യങ്ങൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കുറയ്ക്കുവാനും സാധിക്കുന്നു.
- മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ കൈകാര്യം ചെയ്യുന്നതിനാൽ അവ നീക്കം ചെയ്യാനുള്ള ഗതാഗത ചെലവും വളരെ കുറവ്.
- പ്രാദേശികമായി കൂടുതൽ ജോലിസാധ്യതകൾ സൃഷ്ടിക്കുന്നു.
- മാലിന്യങ്ങൾ ഒരു കേന്ദ്രീകൃത പ്ലാന്റിലേക്ക് കൊണ്ടുപോവാത്തതിനാൽ അവ കൂടിക്കിടന്നു പ്രദേശവാസികൾക്കും പരിസ്ഥിതിക്കും ബുദ്ധിമുട്ടുണ്ടാക്കാനുള്ള സാധ്യതകളോ, തീ പിടിക്കാനുള്ള സാധ്യതകളോ ഇല്ല.
- മാലിന്യസംസ്കരണത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്താനും ഗവൺമെന്റിന്റെ ഭാരം കുറയ്ക്കാനും സാധിക്കുന്നു.
- ഏതെങ്കിലും ഒരു സംവിധാനത്തിൽ പ്രശ്നങ്ങൾ സംഭവിച്ചാൽ അത് മൊത്തത്തിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളെ ബാധിക്കുന്നില്ല എന്ന് മാത്രമല്ല പ്രശ്നപരിഹാരം വളരെ എളുപ്പമാണ്. നേരെ തിരിച്ച് കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ അവ മൊത്തത്തിലുള്ള മാലിന്യ സംസ്കരണത്തെ ബാധിക്കുകയും, മാലിന്യങ്ങൾ കുമിഞ്ഞുകൂടാനും കാരണമാവുന്നു.
- കേന്ദ്രീകൃത മാലിന്യ സംവിധാനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് സ്ഥലം മതിയാവും വികേന്ദ്രീകൃത മാലിന്യ സംവിധാനങ്ങൾക്ക്.
- അഴിമതിക്കുള്ള സാധ്യതകൾ കുറയുന്നു.
- ഉൽപ്പാദകരിലേക്ക് മാലിന്യങ്ങളുടെ ഉത്തരവാദിത്തം എത്തിക്കാൻ സഹായിക്കുന്നു.
എന്തുകൊണ്ട് കേരളത്തിന് മാലിന്യങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്ലാന്റുകൾ അനുയോജ്യമല്ല?
മാലിന്യങ്ങൾ കത്തിച്ചുകൊണ്ടു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് വേസ്റ്റ് ടു എനർജി പ്ലാന്റുകൾ. ഇത്തരത്തിലുള്ള ഒരു പ്ലാന്റ് ആണ് കൊച്ചിയിൽ വരാൻ പോകുന്നതും. ഒരു തരത്തിലും പ്രകൃതിക്കോ മനുഷ്യനോ ഉപകാരമുള്ള ഒരു സാങ്കേതിക വിദ്യ അല്ലെന്നു മാത്രമല്ല ഇത്തരത്തിലുള്ള പ്ലാന്റുകൾ സൃഷിടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മൂലം ലോകത്തിന്റെ പല ഭാഗത്തും വലിയ ജന പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. പല രാജ്യങ്ങളും ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. വേസ്റ്റ് ടു എനർജി പ്ലാന്റുകളിൽ വേസ്റ്റ് കത്തിച്ചു ഉണ്ടാക്കുന്ന വൈദ്യുതി ലാഭകരമല്ല എന്നുള്ള പഠനങ്ങളും ഒരുപാടുണ്ട്. മാലിന്യങ്ങൾ കത്തിച്ചുകൊണ്ടുള്ള മാലിന്യ സംസ്കരണം പരിസ്ഥിതിക്ക് ഗുണം ചെയ്യുന്നതല്ല. ശാശ്വതവുമല്ല. കേരളത്തിന് വേണ്ടതും ഇതല്ല.
എന്തുകൊണ്ട് വേസ്റ്റ് ടു എനർജി പ്ലാന്റുകൾ നമുക്ക് വേണ്ട?
- മാലിന്യ സംസ്കരണത്തിനും ഊർജോല്പാദനത്തിനും ഉപയോഗിക്കുന്ന ഏറ്റവും ചെലവേറിയ മാർഗങ്ങളിൽ ഒന്നാണ് വേസ്റ്റ് ടു എനർജി.
- വിവിധ ഊർജ സ്രോതസ്സുകളിൽ നിന്നും ഒരു യൂണിറ്റ് ഊർജം വീണ്ടെക്കുന്നതിനുള്ള ചെലവ് താരതമ്യപ്പെടുത്തുമ്പോൾ മാലിന്യങ്ങൾ കത്തിച്ചുണ്ടാക്കുന്ന ഊർജ്ജത്തിന് ചെലവ് കൂടുതലാണ്.
- കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിൽ ഏറിയ പങ്കും ജൈവമാലിന്യങ്ങളാണ്. ഇവയുടെ കലോറിഫിക് മൂല്യം കുറവായതിനാൽ തന്നെ പ്ലാന്റ് പ്രവർത്തിപ്പിക്കാനായി കൂടുതൽ മാലിന്യം ആവശ്യമായി വരുന്നു. ഈ അവസരത്തിൽ അടുത്തുള്ള സ്ഥലങ്ങളിലെ മാലിന്യങ്ങൾ കൂടി ഈ പ്ലാന്റിലേക്ക് എത്തിക്കാനായി നിർബന്ധിക്കപ്പെടുന്നു. അങ്ങനെയാണ് കൊച്ചി സമീപപ്രദേശത്തുള്ള മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് എത്തിക്കാനിടയായത് .
- വേസ്റ്റ് ടു എനർജി പ്ലാന്റുകളിൽ കത്തിക്കുമ്പോൾ ഉണ്ടാവുന്ന ബോട്ടം ആഷും ഫ്ലൈ ആഷും മാരകമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
- വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളെ അപേക്ഷിച്ചു കേന്ദ്രീകൃത മാലിന്യ പ്ലാന്റിലേക്ക് മാലിന്യങ്ങൾ എത്തിക്കുന്നതിനുള്ള ഗതാഗത ചെലവ് വളരെ കൂടുതലാണ്
- ലോകത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷിച്ച് പരാജയപ്പെട്ട ഒരു സംവിധാനമാണ് വേസ്റ്റ് ടു എനർജി പ്ലാന്റുകൾ. ഇന്ത്യയിൽ നടത്തിയ പരീക്ഷണങ്ങളും വൻ പരാജയമാണെന്നിരിക്കെയാണ് കേരളത്തിൽ വീണ്ടും ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിന് മുതിരുന്നത്.
- പരിസ്ഥിതി സംരക്ഷണത്തിനും വിഭവ സംരക്ഷണത്തിനും പ്രധാന പങ്കുവഹിക്കുന്ന റെഡ്യൂസ് , റീയൂസ് , റീസൈക്കിൾ ഇനീ ആശയങ്ങളുടെ സാധ്യത അപ്പാടെ വേസ്റ്റ് ടു എനർജി പ്ലാന്റുകൾ തള്ളിക്കളയുന്നു. വേസ്റ്റ് ടു എനർജി പ്ലാന്റുകൾ പ്രദേശവാസികളുടെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നു.
- എന്തെങ്കിലും ഒരു ചെറിയ പ്രശ്നം പോലും മാലിന്യ സംസ്കരണത്തെ ബാധിക്കുകയും മാലിന്യം കുമിഞ്ഞു കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.
- മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിന് പകരം കൂട്ടാനാണ് വേസ്റ്റ് ടു എനർജി പ്ലാന്റുകൾ പ്രേരിപ്പിക്കുന്നത്. ഇത് സുസ്ഥിരമല്ല എന്ന് മാത്രമല്ല വളരെയധികം പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാവുന്നു .
മുകളിൽ സൂചിപ്പിച്ച സംവിധാനങ്ങൾക്കു പുറമെ മാലിന്യമുക്തമാവാൻ കൊച്ചിയിൽ നടപ്പിലാക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. ഇപ്പോൾ കുന്നുകൂടി കത്തിയ മാലിന്യത്തിന്റെ സിംഹഭാഗവും പ്ലാസ്റ്റിക് ആണ്. ഏതൊക്കെ രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിച്ചാലും പ്ലാസ്റ്റിക് അതിന്റെ ഉത്പാദനം മുതൽ സംസ്കരണം വരെ ഉണ്ടാക്കുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ ഗൗരവമേറിയതാണ്. ഇത് കണക്കിലെടുത്തുകൊണ്ട് കേന്ദ്ര സർക്കാരും കേരള
സർക്കാരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിച്ചുവെങ്കിലും അവയുടെ ഉപയോഗം കൊച്ചിയിലടക്കം കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ പലതും പുനരുപയോഗത്തിനു സാധ്യമായവയല്ല എന്നുള്ളതും, നിലവിലെ മാലിന്യത്തിലെ ഒരു പ്രധാനപങ്കും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആണെന്നുള്ളതും അവ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത വർധിപ്പിക്കുന്നു. അതിനാൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം വളരെ കർശനമായിത്തന്നെ നടപ്പിൽകൊണ്ടുവരണം.
ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുക എന്നുള്ളതാണ് മാലിന്യം കുറയ്ക്കാനുള്ള മറ്റൊരു മാർഗം. മാലിന്യം ഉൽപ്പാദിപ്പിച്ചിട്ടു അത് സംസ്കരിക്കാനുള്ള വഴികൾ തേടുന്നത്തിനു പകരം മാലിന്യ ഉൽപ്പാദനം കുറയ്ക്കുവാനുള്ള നിർദ്ദേശങ്ങൾ ഗ്രീൻ പ്രോട്ടോക്കോളിൽ ഉൾപ്പെടുന്നു. ഓഫീസുകളിലും പൊതുപരിപാടികളിലുമടക്കം എങ്ങനെ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാം എന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഹരിതകേരളം മിഷന്റെ വെബ്‌സൈറ്റിൽ
ലഭ്യമാണ്. തിരുവന്തപുരത്തു അഞ്ചു ലക്ഷത്തിൽപ്പരം ആളുകൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കി മാലിന്യത്തിന്റെ അളവ് നാനൂറു ടണ്ണിൽ നിന്നും ആദ്യ വർഷം ഇരുന്നൂറ്റി മുപ്പത്തഞ്ചു ടൺ ആയും പിന്നീട് നൂറ്റി മുപ്പത്തഞ്ചു ടൺ ആയും മൂന്നാമത്തെ വർഷം എൺപത്തേഴു ടൺ ആയും കുറയ്ക്കാൻ സാധിച്ചു.
അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും വ്യവസായസ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച്, തരംതിരിച്ചു റീസൈക്ലിങിനായി അയയ്‌ക്കുന്നത് വരെയുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതും ഹരിതകർമസേന അംഗങ്ങളാണ്. ഇവരിലേക്ക് കൃത്യമായ അറിവുകളും പരിശീലന പരിപാടികളും എത്തിക്കുക എന്നുള്ളതും വളരെ പ്രാധാന്യമർഹിക്കുന്ന ഘടകമാണ്. ഇവരോടൊപ്പം മാലിന്യ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നവരാണ് വേസ്റ്റ് പിക്കേർസ്. കേരളത്തിൽ ഉണ്ടാവുന്ന മാലിന്യങ്ങളുടെ ഒരു വലിയഭാഗം തന്നെ ശേഖരിച്ചു പുനരുപയോഗം ചെയ്യാൻ അയയ്ക്കുന്നതിനാൽ അവരെ ശക്തിപ്പെടുത്താനും, മുഖ്യധാരയിലേക്ക് കൊണ്ട് വരുവാനും അവർക്കു വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുവാനും പ്രത്യേകം നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്. മാലിന്യങ്ങളുടെ ഉത്തരവാദിത്തം ഉത്പന്നങ്ങളുടെ ഉല്പാദകർക്ക് കൂടി നൽകുന്നതിനുള്ള നയമാണ് എക്സ്റ്റൻഡഡ് പ്രൊഡ്യൂസഴ്സ് റെസ്പോൺസി ബിലിറ്റി (EPR). ഇ പി ആറിന്റെ നിലവിലുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും, ഇ പി ആർ കൂടുതൽ ശക്തിപ്പെടുത്തുന്നതും പലതരത്തിലുള്ള മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും. പുനരുപയോഗ സാധ്യതകൾ വർദ്ധിപ്പിക്കുവാനും, ഗവൺമെന്റിന്റെയും ജനങ്ങളുടെയും മേലുള്ള മാലിന്യ സംസ്കരണ ചിലവ് കുറയ്ക്കുവാനും ഇത് സഹായകമാവും.
ഇത്തരം സംവിധാനങ്ങളും നടപടികളും സ്വീകരിച്ചാലും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നുള്ളത് മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണ്ടിവരുന്ന കാര്യമാണ്. നിരന്തരമായ ബോധവത്കരണ പരിപാടികൾ ജനങ്ങളിലേക്ക് എത്തിച്ചാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളു. ഇതിനായി വ്യക്തമായ ആസൂത്രണം ആവശ്യമാണ്. യുവജന പങ്കാളിത്തത്തോടു കൂടി കേരളത്തിന്റെ പല ഭാഗങ്ങളിൽ വിജയകരമായി ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.
നിലവിലെ മാലിന്യ കൂമ്പാരത്തില്‍ നിന്നും വിഷപുകയില്‍ നിന്നും കൊച്ചിയെ രക്ഷിക്കാന്‍ സുസ്ഥിരമായതും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഒരു മാലിന്യ പരിപാലന നയം കൊച്ചിക്ക് അനിവാര്യമാണ്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതികളിലേക്ക് കൊച്ചി മാറിയില്ലെങ്കില്‍ നിലവിലെ പ്രതിസന്ധി തുടരുക തന്നെ ചെയ്യും. അതോടൊപ്പം എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമെന്നുള്ള പൊതുബോധം ഉള്ളവരായി ഓരോ പൗരനും മാറണം. അല്ലാത്തപക്ഷം കൊച്ചി ഇനിയും പുകയും.
[author] [author_image timthumb=’on’]https://thanaltrust.org/wp-content/uploads/2023/03/WhatsApp-Image-2023-03-20-at-4.02.17-PM.jpeg[/author_image] [author_info]Tom Joy, Programme Coordinator, Zero Waste & Circular Economy, Thanal[/author_info] [/author]