സുസ്ഥിര വികസനത്തിന്റെ മാതൃക: കാർബൺ തുലിത മീനങ്ങാടിയുടെ വഴികാട്ടികൾ
സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച വീടുകൾ, വീട്ടിനകത്തും തെരുവിലും പ്രകാശിക്കുന്ന എൽഇഡി ബൾബുകൾ, ജൈവകൃഷിയാൽ പച്ചവിരിച്ചു നിൽക്കുന്ന കൃഷിയിടങ്ങൾ, ഹരിത അംഗൻവാടിയും, നഗരമധ്യത്തിൽ മരങ്ങളുടെ തണൽ നിറഞ്ഞ പാർക്കുകൾ ഇങ്ങനെ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ യുവതലമുറ തങ്ങളുടെ ഗ്രാമവികസനം വളരെ സുസ്ഥിരമായി വിഭാവനം ചെയ്യുകയാണ്.
കാർബൺ തുലിത മീനങ്ങാടി പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്ന കാർബൺ ന്യൂട്രൽ ആക്സിലറേറ്റർ ലാബിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രദർശന മേളയിലാണ് മീനങ്ങാടിഗ്രാമ പഞ്ചായത്തിലെ കാലാവസ്ഥ സന്നദ്ധപ്രവർത്തകർ തങ്ങളുടെ സ്വപ്ന ഗ്രാമത്തിന്റെ മാതൃക പ്രദർശിപ്പിച്ചത്.
ഗ്രാമ വികസനം, ജൈവവൈവിധ്യം എന്നിവയോടൊപ്പം ദേശീയ തലത്തിൽ നിർണയിച്ചിട്ടുള്ള, 2030 -ഓടു കൂടിയുള്ള വേഗതയിലുള്ള വനവൽക്കരണത്തോടൊപ്പം ഉപജീവനം ശക്തമാക്കുക, കാർബൺ പിടിച്ചെടുക്കൽ അഥവാ സ്വാംശീകരണം മൂന്ന് ബില്യൺ ടൺ ആയി ഉയർത്തുക എന്നീ ലക്ഷ്യങ്ങളും സമന്വയിച്ച് വരും തലമുറയ്ക്ക് പുതിയൊരു ജീവിതരീതി പരിശീലിക്കുവാനാണ് തണലിൻ്റെ കാലാവസ്ഥ സന്നദ്ധ പ്രവർത്തകർ സുസ്ഥിര വികസനത്തിൻ്റെ മാതൃകകൾ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന സൗരോർജ്ജം പ്രയോജനപ്പെടുത്തിയുള്ള പുനരുജ്ജീവന കൃഷി, പച്ചത്തുരുത്ത്, കാർബൺ ന്യൂട്രൽ ആക്സിലറേറ്റർ ലാബ് എന്നിവയുടെ പ്രവർത്തനങ്ങൾ കാർബൺ തുലിത യാത്രയിൽ വളരെ പ്രധാനപ്പെട്ടതാണ്. മീനങ്ങാടി പോളിടെക്നിക്കിലെ വിദ്യാർത്ഥികളായ അഭിരാം കെ വി, നിഖിൽദാസ് ഇ പി, സജിൻ സേവിയർ, അമൽ ജിത്ത് എന്നിവരുടെ സർഗാത്മകഥയിൽ നിന്നാണ് കാർബൺ തുലിത മീനങ്ങാടിയുടെ നിശ്ചല മോഡലുകളുടെ പിറവി.
കാർബൺ സ്വാംശീകരണം വേഗതയിലാക്കുവാനായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് തണലുമായി സഹകരിച്ച് നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ പ്രതിഫലനങ്ങൾ മീനങ്ങാടിയിൽ ഉടനീളം കാണുവാനാകും.
മരങ്ങൾ സംരക്ഷിക്കുന്നതിലൂടെ ട്രീ ബാങ്കിംഗ് , അടുക്കളത്തോട്ടം, വൃക്ഷത്തൈകൾ നടീൽ, ജൈവമാലിന്യ സംസ്കരണത്തിന് കമ്പോസ്റ്റ് പിറ്റുകളും മാജിക് പിറ്റുകളും, കാവ് സംരക്ഷണം (മാനിക്കാവ് പുണ്യവനം, സുഗതകുമാരി ഓർമ്മവനം), മരങ്ങൾ സംരക്ഷിക്കുന്നതിലൂടെ ശുദ്ധ വായു ശ്വസിക്കുവാൻ ആകുന്ന ഓക്സിജൻ പാർക്ക്, മഴവെള്ള സംഭരണികൾ , ഉർജ്ജക്ഷമതയുള്ള പാചകോപകരണങ്ങളുടെ വിതരണം തുടങ്ങിയ അനവധി പദ്ധതികൾ വികസനവും പ്രകൃതിയും തുലിതാവസ്ഥയിൽ തുടരുവാൻ മീനങ്ങാടിയെ പ്രാപ്തമാക്കുന്നു. കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ പരിസ്ഥിതി വിദ്യാഭ്യാസം നല്കുന്ന ഹരിത അംഗൻവാടി പോലുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുമുണ്ട് .
ഹരിത കർമ്മ സേനയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഗാർഹിക മാലിന്യം വേർതിരിക്കൽ, ജൈവമാലിന്യ കമ്പോസ്റ്റിങ് മേഖലയിൽ 98 ശതമാനം വിജയം കൈവരിച്ചു കഴിഞ്ഞു. എട്ട് ഏക്കറിൽ വ്യാപിപ്പിച്ച മീനങ്ങാടിയിലെ പുനരുജീവന കൃഷി ഇന്ന് ഒരു വിജയ മാതൃകയാണ്.
കൃഷി, ഊർജ്ജം, ജൈവവൈവിധ്യം എന്നിവയുടെ സംയോജനം കാർബൺ തുലിത പ്രവർത്തനങ്ങളിൽ ഒഴിച്ചു കൂടാനാവാത്തതാണ്. സാമൂഹിക ഇടപെടലും പരിസ്ഥിതിക വിദ്യാഭ്യാസവും കാർബൺ തുലിത മീനങ്ങാടിയുടെ അടിത്തറയായി വർത്തിക്കുന്നുണ്ട്.കാർബൺ ന്യൂട്രൽ ആക്സിലറേറ്റഡ് ലാബിൻ്റെ ആദ്യ വാർഷികാഘോഷം ലാബിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം കാർബൺ തുലിത പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കുന്നതിനുള്ള ആഹ്വാനം കൂടിയാണ്.