വേനലിനെയും വെല്ലുവിളിച്ച് നൂറുമേനി വിളയിച്ച് മണിവയൽ
കടുത്ത ചൂടിലും ആദായകമായ രീതിയിൽ പച്ചക്കറി കൃഷി നടത്തി വിജയിച്ചിരിക്കുകയാണ് മണിവലിലെ ഒരുകൂട്ടം കർഷകർ. തണലിന്റെ സാങ്കേതിക- സാമ്പത്തിക സഹായത്തോടെയും മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും 195 കിലോയോളം പച്ചക്കറിയാണ് 16 പേരടങ്ങുന്ന കർഷക കൂട്ടായ്മ പല ഘട്ടങ്ങളിലായി വിളയിച്ചെടുത്തത്. ആറു വനിതാ കർഷകർ ഈ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
മണി വയലിലെ വിളവെടുപ്പുത്സവം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. എട്ടേക്കറോളം തരിശു ഭൂമിയിൽ ആരോഗ്യ ദായകമായ ജൈവ പച്ചക്കറികൾ ഉല്പാദിപ്പിച്ചതിലൂടെ കർഷകരിൽ പുഞ്ചിരിയും പ്രതീക്ഷയും കാണാൻ സാധിച്ചുവെന്നും ഇത് പുനരുജ്ജീവന കൃഷി പോലുള്ള പുതിയ കാർഷിക പരിപാടികൾ വ്യാപിപ്പിക്കുന്നതിനുള്ള ഊർജ്ജം നൽകുന്നതാണെന്നും ഉദ്ഘാടന വേളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
വെണ്ട, ചീര, വെള്ളരി, പച്ചമുളക് ,വള്ളിപ്പയർ തുടങ്ങിയ പച്ചക്കറികൾക്കൊപ്പം വരമ്പിൽ സൂര്യകാന്തിയും ചെണ്ടുമല്ലിയും പൂത്തുനിൽക്കുന്നത് മണി വയലിലെ മനോഹരമായ കാഴ്ചയാണ് .
സൗരോർജ്ജം ഉപയോഗിച്ച് വെള്ളം കൃഷിയിടത്തിലേക്ക് പമ്പ് ചെയ്യുകയും കൃഷി ആവശ്യങ്ങൾക്ക് ശേഷം വെള്ളം തിരിച്ചു സ്രോതസ്സിലേക്ക് തന്നെ ഒഴുക്കിവിടുകയും ചെയ്യുന്ന പുനരുജ്ജീവനകൃഷിയുടെ മാതൃകയാണ് മണിവയലിലും സ്വീകരിച്ചിരിക്കുന്നത്. മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ‘കാർബൺ തുലിത മീനങ്ങാടി’ പദ്ധതിക്ക് മണി വയലിലെ പുനരുജീവന കൃഷിയുടെ വിജയം ഒരു മുതൽക്കൂട്ടാവും. വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനൊപ്പം തങ്ങളുടെ ഉപജീവനവും ശക്തമാകുമെന്ന പ്രതീക്ഷയിലാണ് മണി വയലിലെ കർഷകരും.